21/06/2026 |

MTM College Celebrates International Yoga Day

വെളിയങ്കോട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സർവകലാശാല ഗ്രാന്റ്സ് കമ്മീഷന്റെ (UGC) പ്രത്യേക മാർഗ്ഗനിർദ്ദേശപ്രകാരം, “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” (Yoga for Healthy Ageing) എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിന സന്ദേശം മുൻനിർത്തി വെളിയങ്കോട് എം ടി.എം കോളേജ് എൻ.എസ്.എസ് യൂണിറ്റും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നിന്ന് നയിച്ച ‘യോഗ സംഗമം’ പരിപാടിയുടെയും പൊതു യോഗാ പ്രോട്ടോക്കോളിന്റെയും (CYP) ഭാഗമായാണ് പ്രാദേശിക തലത്തിലും വിപുലമായ രീതിയിൽ ഈ പരിപാടി സംഘടിപ്പിച്ചത്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. മാനസികമായും ശാരീരികമായും ഒട്ടേറെ ഗുണങ്ങളുള്ള യോഗ, ജീവിതത്തിലുടനീളം ശീലമാക്കേണ്ട ഒരു ഭാരതീയ പാരമ്പര്യ വ്യായാമ മുറയാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. യോഗയുടെ ഇത്തരം ഗുണങ്ങൾ എല്ലാ മനുഷ്യരിലേക്കും എത്തിക്കാനാണ് സർക്കാർ തന്നെ മുൻകൈ എടുത്ത് ഇത്തരം ദിനാചരണങ്ങൾ നടപ്പിലാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പെരുമ്പടപ്പ് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഇ.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷുഹൈബ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർമാരായ അശ്വതി സന്തോഷ്‌, അനിത ടി.വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്ന് നടന്ന സെഷനിൽ സെൻസായ് എം.എം ഹമീദ് ക്ലാസെടുക്കുകയും, യോഗാ ടീച്ചർ റുക്‌സാന ടി.ടി യോഗാസനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു. കോളേജ് പി.ആർ.ഒ ഫൈസൽബാവ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വാർഡ് മെമ്പർ മായ മനോജ് നന്ദിയും രേഖപ്പെടുത്തി. യു.ജി.സി നിർദ്ദേശപ്രകാരമുള്ള കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് എൻ.എസ്.എസ് വളണ്ടിയർമാർ അടക്കം നൂറോളം പേർ ഈ യോഗ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു.


A D M I S S I O N
2 0 2 6