19/06/2026 |
വെളിയങ്കോട് എംടിഎം കോളേജിൽ വായനവാരത്തിന് തുടക്കം; പി എൻ പണിക്കർ അനുസ്മരണം നടത്തി
പൊന്നാനി:വെളിയങ്കോട്: വായനദിനത്തോടനുബന്ധിച്ച് വെളിയങ്കോട് എംടിഎം കോളേജ് ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന വായനവാരത്തിന് പ്രൗഢമായ തുടക്കം. വായനവാരത്തിന്റെ കോളേജ് തല ഉദ്ഘാടനം ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമർനാഥ് ഉദയസോമൻ നിർവഹിച്ചു. വായനയുടെ ആഴമാണ് ഒരു മനുഷ്യനിലെ സാംസ്‌കാരിക മൂല്യം വർധിപ്പിക്കുന്നത് എന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം കോളേജ് പബ്ലിക് റിലേഷൻ ഓഫീസർ ഫൈസൽ ബാവ നിർവഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഗ്രന്ഥശാലാ പ്രസ്ഥാനം നൽകിയ സംഭാവന വിലപ്പെട്ടതാണെന്നും, അതിന്റെ നെടുംതൂണായ പി എൻ പണിക്കർ ഈ ദൗത്യത്തിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചതിന്റെ ഫലമാണ് ഇന്നത്തെ നേട്ടങ്ങളെന്നും അദ്ദേഹം അനുസ്മരിച്ചു.
ലൈബ്രറിയൻ സഹദ് സി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രസിദ്ധീകരിക്കുന്ന ‘സെന്റിനെൽ വീക്കിലി ന്യൂസ്’ സിതാര പർവീൻ വായിച്ചു. ഹന്ന ഷാറി, മുഹമ്മദ് ഫയാസ് എന്നിവർ സംസാരിച്ചു.
മുഹമ്മദ് സർഫറാസ്, സാനിത, ഹസ്ന ബീഗം, അഫീഫ, ഹാഷിർ, സന, ഹസ്സ, റാഷിദ, ഹാരോൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. റീഡേഴ്സ് ക്ലബ്ബ് അംഗം ജസീം എം സ്വാഗതവും ഗോപിക നന്ദിയും പറഞ്ഞു. വായനവാരത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ കോളേജിൽ നടക്കും